വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ നടുക്കുന്ന ഒരോർമ്മയ്ക്ക് 45 വർഷങ്ങൾക്ക് ശേഷം വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടൽ വീണ്ടും സാക്ഷിയായി. 1981-ൽ അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ വധശ്രമം നടന്ന അതേ ഹോട്ടലിൽ വെച്ചാണ് ഇപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയും ആക്രമണമുണ്ടായത്. റീഗനെതിരെയുള്ള ആക്രമണം നടന്ന അതേ ഹോട്ടലിന്റെ ഭൂഗർഭ നിലയിലുള്ള ബാൾറൂമിൽ വിരുന്ന് നടക്കുമ്പോഴാണ് ട്രംപിന് നേരെയും ആക്രമണ ശ്രമമുണ്ടായത്.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ വിരുന്നിനിടെ നടന്ന വെടിവെപ്പിൽ നിന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരാണ് ട്രംപിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. അമേരിക്കൻ ചരിത്രത്തിലെ 'ഡെജാ വു' (നേരത്തെ നടന്ന കാര്യം വീണ്ടും സംഭവിക്കുന്ന അനുഭവം) എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
1981 മാർച്ച് 30-നാണ് അമേരിക്കയെ നടുക്കിയ ആ സംഭവം നടന്നത്. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ ഒരു പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രസിഡന്റ് റൊണാൾഡ് റീഗനെ ജോൺ ഹിങ്ക്ലി ജൂനിയർ എന്നയാൾ വെടിവെച്ചു. റീഗന്റെ നെഞ്ചിലായിരുന്നു അന്ന് വെടിയേറ്റത്. മാരകമായി പരിക്കേറ്റ അദ്ദേഹം മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഈ സംഭവത്തിന് ശേഷം 'റീഗൻ ഹിൽട്ടൺ' എന്നും ഈ ഹോട്ടൽ അറിയപ്പെടാറുണ്ട്.